District News
കൊട്ടിയം: 30-ാമത് കൊല്ലം റവന്യൂ ജില്ലാ ടിടിഐ, പിപിടിടിഐ കലോത്സവം കൊട്ടിയം സിഎഫ്ടിടിഐയില് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്. അരുണ്‍ ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ഷാജി സ്വാഗതം പറഞ്ഞു. കൊല്ലം റവന്യൂ ജില്ലയിലെ 30ഓളം അധ്യാപക പരിശീലന സ്ഥാപനങ്ങളില്‍ നിന്നായി 500ലധികം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. നാല് വേദികളിലായാണ് വിവിധ കലാമത്സരങ്ങള്‍ അരങ്ങേറിയത്.
സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ആര്. ദിലീപ് കുമാര്‍, ഡയറ്റ് കൊല്ലം പ്രിന്‍സിപ്പല്‍ ഡോ. സുലഭ, ഡിപിസി കൊല്ലം കെ.ബി. റാണി കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ എം. മനേഷ് നന്ദി പറഞ്ഞു.
District News
പുൽപ്പള്ളി: മേഖലാ സണ്‍ഡേ സ്കൂൾ കലോത്സവം ’ഡോക്സാ 2026’ പുൽപ്പള്ളി സെന്റ് ജോർജ് സിംഹാസന കത്തീഡ്രലിൽ നടത്തി.
പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു. ഫാ. ബേസിൽ കരനിലത്ത്, ഫാ. മനീഷ് ജേക്കബ്, ഫാ. അനൂപ് ചാത്തനാട്ടുകുടി, ഫാ. ഷിനോജ് പുന്നാശേരി, ഫാ. ബേബി ഓലിക്കൽ, ഇൻസ്പെക്ടർ ഷൈബു, സെക്രട്ടറി സിനു, ബേബി കൈനിക്കുടി, എൻ.പി. തങ്കച്ചൻ, ഇ.ടി. ജോബിഷ് എന്നിവർ പ്രസംഗിച്ചു.
District News
അമ്പലത്തറ: ഒക്ടോബര്‍ 27 മുതല്‍ 31 വരെ അമ്പലത്തറ ജിവിഎച്ച്എസ്എസില്‍ നടക്കുന്ന ഹൊസ്ദുര്‍ഗ് ഉപജില്ല സ്കൂള്‍ കലോത്സവത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണറും പൂര്‍വ വിദ്യാര്‍ഥിയുമായ ടൈറ്റസ് തോമസ് നിര്‍വഹിച്ചു. 1974 പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയില്‍ നിന്നും ആദ്യ തുക സ്വീകരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം മാടിക്കാല്‍ നാരായണന് അധ്യക്ഷതവഹിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.പി. വന്ദന, പുല്ലൂര്‍-പെരിയ പഞ്ചായത്തംഗങ്ങളായ സി. കൃഷ്ണകുമാര്‍, കെ.സുനിത, പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡന്റ് രാജന് മീങ്ങോത്ത്, ഹാരിസ് സൈനുദ്ദീന്‍, മുഖ്യാധ്യാപകന്‍ പി.വി.രാജേഷ്, പിടിഎ പ്രസിഡന്റ് ജയകുമാര്‍, എന്‍.മനോജ്കുമാര്‍, ടി.കെ.പത്മജ, കെ.വി.പ്രശാന്ത്, കെ.നിഷ എന്നിവര്‍ സംസാരിച്ചു.
District News
കാഞ്ഞങ്ങാട്:റവന്യു ജില്ലാ ടിടിഐ കലോത്സവത്തില്‍ 106 പോയന്റുകള്‍ വീതം നേടി ആതിഥേയരായ നീലേശ്വരം എസ്എന്‍ ടിടിസിയും നായന്മാര്മൂല ടിഐടിടിസിയും ജേതാക്കളായി. 104 പോയിന്റുമായി കാസര്‍ഗോഡ് ഡയറ്റ് രണ്ടാംസ്ഥാനം നേടി. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് സമ്മാനദാനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് വി.പി.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് കാസര് ഗോഡ് പ്രിന്‍സിപ്പല്‍ ഡോ.രഘുരാമഭട്ട് മുഖ്യാതിഥി ആയിരുന്നു. സി.എം.സുരേഷ് കുമാര്‍ സ്വാഗതവും യു. പ്രീതി നന്ദിയും പറഞ്ഞു.
District News
തുടങ്ങനാട്: എസ്എംവൈഎം തുടങ്ങനാട് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലോത്സവത്തില്‍ തുടങ്ങാട് യൂണിറ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഫൊറോനയിലെ ഏഴു യൂണിറ്റുകളില്‍ നിന്നായി നൂറിലധികം യുവജനങ്ങള്‍ പങ്കെടുത്ത കലോത്സവത്തില്‍ നീലൂര്‍, മേലുകാവുമറ്റം യൂണിറ്റുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
തുടങ്ങനാട് യൂണിറ്റ് അംഗങ്ങളായ ബിബിന്‍ ജോണ്സണ് കലാപ്രതിഭയായും ബിനില ബിനോയി കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎം സംസ്ഥാന സിന്‍ഡിക്കറ്റ് അംഗം റോബിന് ടി. ജോസ് താന്നിമല ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ബിസ്മി ബോബി അധ്യക്ഷത വഹിച്ചു. ഫൊറോന രക്ഷാധികാരി ഫാ. ജോണ്സണ് പുളളീറ്റ്, ഫൊറോന ഡയറക്ടര്‍ ഫാ. ജെയിംസ് ആണ്ടാശേരി, നീലൂര്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ. സെബിന് പ്ലാത്തോട്ടത്തില്‍, ഫൊറോന ജനറല്‍ സെക്രട്ടറി ബിയോ ബെന്നി, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ സാന്ദ്ര, ജെന്സണ് മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കാസർഗോഡ്: ജില്ലാ സ്കൂൾ കലോത്സവം കഴിഞ്ഞിട്ട് ആറുമാസമായി. ഡിസംബറിലും ജനുവരിയിലുമായി മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിന്റെ ഓർമകൾ മനസിൽ സൂക്ഷിച്ച് കുട്ടികൾ പുതിയ അധ്യയനവർഷത്തിലേക്ക് കടന്നു. പലരും സ്കൂൾ മാറി. പുതിയ വർഷത്തെ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. അന്ന് കലോത്സവത്തിന്റെ ചുമതല വഹിച്ച അധ്യാപകരിൽ പലരും സ്ഥലംമാറിപ്പോയി.
പക്ഷേ ഒന്നും മറക്കാതെ ഇപ്പോഴും മൊഗ്രാൽ സ്കൂളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസിലും ജില്ലാ പഞ്ചായത്തിലുമൊക്കെ മാറിമാറി കയറിയിറങ്ങുന്ന ചിലരുണ്ട്. ജില്ലാ കലോത്സവത്തിനായി പന്തലും സ്റ്റേജും ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങളുമൊരുക്കിയ ഉദിനൂർ മാണിയാട്ടെ ശോഭ ഡക്കറേഷൻസ് ജീവനക്കാരും കലോത്സവവേദിയിൽ ഭക്ഷണമൊരുക്കുന്നതിനും മറ്റു ചെറുജോലികൾക്കുമായി കരാർ എടുത്തവരും. ഇവരുടെ പ്രതിഫലം ഇതുവരെയും കൊടുത്തുതീർത്തിട്ടില്ല.
ജർമൻ സംവിധാനത്തിലുള്ള പന്തലും സ്റ്റേജുകളും ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനവും ഒരുക്കിയ വകയിൽ മാത്രം നാലു ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന് ശോഭ ഡക്കറേഷൻസ് ഉടമ ടി.വി. ബാലൻ പറയുന്നു. ഇതിനുവേണ്ടി ഇതിനകം 20 തവണയെങ്കിലും താൻ നേരിട്ട് മൊഗ്രാൽ സ്കൂളിലെത്തി മടങ്ങിയിട്ടുണ്ട്. പണം തരാത്തതിന് ഓരോ തവണയും ഓരോ കാരണങ്ങളാണ് സ്കൂൾ അധികൃതർ നിരത്തുന്നത്. ആ സമയത്ത് ചുമതലയിലുണ്ടായിരുന്ന മുഖ്യാധ്യാപകനും ഇപ്പോൾ സ്ഥലംമാറിപ്പോയി. പ്രശ്നം സംഘാടകസമിതി ചെയർമാനായ എ.കെ.എം. അഷ്റഫ് എംഎൽഎയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാമിന്റെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും അവരും കൈമലർത്തുകയാണ് ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു.
ശോഭ ഡക്കറേഷൻസിനു മാത്രമല്ല, ഭക്ഷണമൊരുക്കിയവർക്കും മറ്റു ചെറുകിട കരാറുകാർക്കുമെല്ലാം തുക നൽകാനുണ്ടെന്ന് സംഘാടകസമിതി ഭാരവാഹികൾ സമ്മതിക്കുന്നുണ്ട്. കലോത്സവത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ മറ്റൊരു സ്കൂളും തയാറാകാതിരുന്ന സമയത്താണ് മൊഗ്രാൽ സ്കൂൾ അതിന് തയാറായത്. ജില്ലാ പഞ്ചായത്തിൽനിന്നും മറ്റു തദ്ദേശസ്ഥാപനങ്ങളിൽ നിന്നും മതിയായ സാമ്പത്തികസഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായൊന്നും ലഭിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകസമിതിയും പിടിഎയും ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങൾക്കും കത്ത് നൽകിയെങ്കിലും അഞ്ച് തദ്ദേശസ്ഥാപനങ്ങളിൽനിന്നു മാത്രമാണ് സഹായം കിട്ടിയതെന്നും അവർ പറയുന്നു.
എന്നാൽ കലോത്സവം കഴിഞ്ഞ് ആറുമാസമായിട്ടും സംഘാടകസമിതി യോഗം ചേരുകയോ വരവുചെലവ് കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ടുതന്നെ കണക്കുകളൊന്നും വ്യക്തമല്ല.
കരാർ പ്രകാരമുള്ള തുക എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നില്ലെങ്കിൽ സംഘാടകസമിതിക്കെതിരായി നിയമനടപടികൾ സ്വീകരിക്കുമെന്നും കുടുംബത്തോടൊപ്പം സ്കൂളിനു മുന്നിലെത്തി സമരം നടത്തുമെന്നും കാണിച്ച് ടി.വി. ബാലൻ മൊഗ്രാൽ സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
District News
വെള്ളറട: കാരക്കോണം ഡോ. സോമര്‍വെൽ സിഎസ്ഐ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ കലോത്സവം 'കലിക 2026' ന്റെ പ്രകാശനം മന്ത്രി കെ. മുരളീധരന് നിർവഹിച്ചു.
ജൂലൈ എട്ടുമുതൽ 11 വരെ കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജിലാണ് കലോത്സവം നടക്കുന്നത്. 11ന് വൈകുന്നേരം കോളജ് അങ്കണത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രശസ്ത കലാകാരന്മാർ പങ്കെടുക്കും.
District News
തിരുവല്ല: ഏഴ് ദിനങ്ങളിലെ കലാമാമാങ്കത്തിന് ഇന്നു തിരശീല വീഴും. മഹാത്മഗാന്ധി സർവകലാശാല കലോത്സവം ഇണൈമൈ ഇന്ന് സമാപിക്കും. വൈകിയെത്തുന്ന മത്സരഫലങ്ങൾ അന്തിമ പോയിന്റ് നിർണയത്തിനു കാലതാമസം വരുത്തുന്നുണ്ടെങ്കിലും ഇന്നലെ വൈകുന്നേരം വരെ ലഭ്യമായ പോയിന്റുകളിൽ എസ്എച്ച് കോളജ് തേവര 116 പോയിന്റും മഹാരാജാസ് കോളജ് എറണാകുളം 112 പോയിന്റുമാണ് നേടിയിട്ടുള്ളത്. തൃപ്പൂണിത്തുറ ആർഎൽവി കോളജ് 93 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. പൂർത്തിയായ പല മത്സരങ്ങളുടെയും ഫലങ്ങൾകൂടി പോയിന്റുനിലയിൽ ഉൾപ്പെടുത്താനുള്ളതിനാൽ ലീഡ് നിലയിൽ മാറ്റംമറിച്ചിലുകൾ പ്രതീക്ഷിക്കുന്നു. ഒരേ ഇനത്തിൽ ഒന്നിലേറെ ഒന്നും രണ്ടും സ്ഥാനങ്ങൾ വരുന്നതോടെ കോളജുകളുടെ പോയിന്റുനിലകളിൽ പൊടുന്നനേ വ്യത്യാസം ഉണ്ടാകാം.
ഇന്നു വൈകുന്നേരത്തോടെ മത്സരങ്ങൾ പൂർത്തീകരിച്ച് പബ്ലിക് സ്റ്റേഡിയത്തിലെ കേരളം വേദിയിൽ സമാപന സമ്മേളനത്തിനുള്ള തയാറെടുപ്പാണ് സംഘാടകർ നടത്തുന്നത്. സമാപന സമ്മേളനം വൈകുന്നേരം ചലച്ചിത്ര നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും.
കലാതിലക പട്ടത്തിന് മൂവാറ്റുപുഴ നിർമല കോളജിലെ അപർണ മോഹനാണ് മുന്നിൽ. 19 പോയിന്റ് അപർണയ്ക്കുണ്ട്. കോട്ടയം ബിസിഎം കോളജിലെ നിഹാര ബി. ദേവ് 18 പോയിന്റോടെ തൊട്ടു പിന്നിലുണ്ട്. കലാപ്രതിഭയാകാൻ തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എസ്. വിഷ്ണുവാണ് മുന്നിൽ. വിഷ്ണുവിന് 13 പോയിന്റുണ്ട്.
പാലാ സെന്റ് തോമസ് കോളജിലെ ശ്യാംജിത് സജീവിന് 11 പോയിന്റെ ലഭിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പ്രതിഭാതിലക പട്ടത്തിന് എറണാകുളം സെന്റ് തെരേസാസിലെ സഞ്ജന ചന്ദ്രനാണ് മുന്നിലുള്ളത്.
സഞ്ജനയ്ക്ക് 19 പോയിന്റാണുള്ളത്. തേവര എസ്എച്ചിലെ സിയ പവൽ 15 പോയിന്റും നേടിയിട്ടുണ്ട്.
ശ്രീവല്ലഭന്റെ നാട്ടിൽ കഥകളിയിൽ പ്രണവ്
തിരുവല്ല: കഥകളി ദിനവും അരങ്ങേറുന്ന ശ്രീവല്ലഭന്റെ നാട്ടിലെ മത്സരത്തിൽ പ്രണവിനു വിജയം.
ഒന്‍പത് മത്സരാർഥികള്‍ അരങ്ങിലെത്തിയപ്പോള്‍ അതില്‍ ആറുപേരും പെണ്‍കുട്ടികളായിരുന്നു. ഒന്നാംസ്ഥാനം നേടിയ പി. പ്രണവ് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥിയാണ്.
രണ്ടാം സ്ഥാനം സെന്റ് ആല്‍ബര്‍ട്ട്സിലെ പാര്‍വതി നമ്പൂതിരി നേടിയപ്പോൾ ആര്‍എല്‍വിയിലെ ഐശ്വര്യ മൂന്നാമതെത്തി.
മത്സരാർഥികളായി വേദിയിലെത്തിയ പെൺകുട്ടികളിൽ ആരുംതന്നെ സ്ത്രീവേഷം കെട്ടിയില്ലെന്നത് പ്രത്യേകതയായി. വരുംകാലം പെൺകുട്ടികൾ വാഴുന്ന അരങ്ങാകും കഥകളിയെ വളര്‍ത്തുകയെന്ന് കലോത്സവം വിളിച്ചു പറയുന്നു. ഗുരുക്കന്മാരിലാരും വനിതകളില്ലായിരുന്നു. കാലകേയവധത്തിലെ അര്‍ജുന വേഷമായിരുന്നു നാരിമാര്ക്കേറെ പ്രിയം. ബാലിവിജയവും രാവണവിജയവും അരങ്ങത്ത് നിറഞ്ഞാടി. പങ്കെടുത്ത എല്ലാവര്ക്കും എ ഗ്രേഡ് ലഭിച്ചെന്നത് മറ്റൊരു പ്രത്യേകതയാണ
രാവേറെ വെളുത്തിട്ടും വഞ്ചിപ്പാട്ട് തീർന്നില്ല
തിരുവല്ല: വഞ്ചിപ്പാട്ട് മത്സരം തീരാൻ ഒരു രാത്രി മുഴുവൻ വേണ്ടി വന്നു. ചൊവ്വാഴ്ച രാത്രി ഏഴോടെ ഒന്നാം വേദിയായ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പന്തലിലാണ് കരവഞ്ചിയിലേറി വിദ്യാർഥികൾ വഞ്ചിപ്പാട്ടിന് തുടക്കമിട്ടത്.
ആറന്മുള ശൈലിയിൽ താളംപിടിച്ച് നീങ്ങിയ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാടിയ സെന്റ് തോമസ് കോളജ് കോഴഞ്ചേരിയും സിഎംഎസ് കോളജ് കോട്ടയവും ഒന്നാംസ്ഥാനം പങ്കിട്ടു.
എംഇഎസ് മാറമ്പള്ളി രണ്ടാം സ്ഥാനം നേടിയപ്പോൾ എറണാകുളം സെന്റ് തെരാസാസിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ചൊവ്വാഴ്ച ഏറെ വൈകി ആരംഭിച്ച മത്സരത്തിൽ 59 കോളജുകളിൽ നിന്നെത്തിയ ടീമുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ മത്സരം നീണ്ടതോടെ പല കോളജുകളും പിന്മാറി. മത്സരിച്ച ടീമുകളിൽ ആരും തന്നെ വള്ളപ്പാടിന് പിന്നിലായില്ല എന്ന കാര്യം ശ്രദ്ധേയം.
കുട്ടനാടൻ ശൈലിയിൽ വായ്ത്താരി ഉയർത്തിയവർ അധികം ശ്രദ്ധിക്കപ്പെട്ടില്ല. ആറന്മുള ശൈലിക്കായിരുന്നു ഏറെ പ്രിയം. കുചേലവൃത്തവും പകാരാദി സ്തുതിയും രാമായണ രംഗങ്ങളും രാവിനെ തഴുകിയപ്പോൾ ആരു ജയിക്കും ആരു തോൽക്കും എന്ന് പറയാൻ വിധികർത്താക്കളും ഏറെ ബുദ്ധിമുട്ടി.
വഞ്ചപ്പാട്ട് അഭ്യസിച്ചവർക്ക് മാത്രമാണ് എ ഗ്രേഡ് ലഭിച്ചതെന്ന കാര്യം ശ്രദ്ധേയം. യുട്യൂബിൽനിന്ന് വഞ്ചിപ്പാട്ട് ഡൗൺലോഡ് ചെയ്ത് അഭ്യസിച്ചവർക്ക് പാതിവഴിയിൽ പാളിച്ച സംഭവിച്ചു.
പ്രസിദ്ധമായ ആറന്മുള വള്ളംകളിയുടെ നാടായ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ അരങ്ങേറുന്ന യുവജനോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിന് സാക്ഷ്യം വഹിക്കാൻ രാത്രി വൈകുംവരെ നിരവധിപ്പേർ വിവിധ ഇടങ്ങളിൽനിന്ന് എത്തിയിരുന്നു.
കുരുക്കിലെ ശില്പ ചാരുതയ്ക്ക്
വിധിയെഴുതാന്‍ ഒരു ദിനം
തിരുവല്ല: അറുപതോളം പ്രതിഭകള്‍ അണിനിരന്ന കളിമണ്ശില്പ നിര്‍മാണത്തില്‍ ഫലം വൈകിയത് 24 മണിക്കൂര്‍.
ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന മത്സരത്തിന്റെ ഫലം ഇന്നലെ ഏറെ വൈകിയാണ് നിര്‍ണയിക്കാന്‍ സാധിച്ചത്. മത്സരാർഥികളുടെ പ്രകടനത്തിലെ വൈവിധ്യം ഫല നിര്‍ണയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി. വിധികര്ത്താക്കള്ക്കിടയിലെ അഭിപ്രായവിത്യാസം വെല്ലുവിളിയായി. സമാനതകളില്ലാത്ത മത്സരമാണ് കളിമണ്ശില്പ നിര്‍മാണത്തില്‍ നടന്നത്.
കുരുക്ക് എന്ന വിഷയത്തില്‍ നടന്ന മത്സരത്തിലെ ബഹുഭൂരിപക്ഷം കലാസൃഷ്ടികളും മികച്ചതായിരുന്നു. മാര്‍ത്തോമ്മാ കോളജ് ഗ്രൗണ്ടിലായിരുന്നു മത്സരം. കുരുക്ക് എന്ന വിഷയം പല രൂപത്തിലാണ് മത്സരാർഥികളുടെ ഭാവനയില്‍ ദൃശ്യമായത്. കുരുക്കില്‍ വീണ ആനയെ രക്ഷിക്കുന്ന വനപാലകരും കൂട്ടിലകപ്പെട്ട പന്നിക്കുട്ടികളും സോഷ്യല്‍ മീഡിയ അഡിക്ഷന് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും മധുവിനെ മരത്തില്‍ കുരുക്കിയിട്ടിരിക്കുന്നതും ഭര്‍ത്താവിന്റെ കുരുക്കില്‍ വീണ ഭാര്യയും ഉള്‍പ്പടെ ആനുകാലികവും കൗതുകം നിറഞ്ഞതുമായ വിഷയങ്ങൾ ശില്പികൾ തങ്ങളുടെ ഭാവനയിലെ കുരുക്കിലാക്കി.
District News
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ നൃത്ത-സംഗീതവേദികള്‍ ഇന്നുണരും. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി ഒ.ആര്.കേളു നിര്‍ഹിക്കും.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലയിലെ എംഎല്‍എമാര്‍, വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്ത പ്രകമ്പനം സിനിമയുടെ അഭിനേതാക്കള്‍, അണിയറപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും. മോഹിനിയാട്ടം, നാടോടിനൃത്തം, മാര്‍ഗംകളി, പരിചമുട്ട്, മോണോആക്ട്, മിമിക്രി, സംഘഗാനം, പാശ്ചാത്യസംഗീതം എന്നിവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍.
രണ്ടാംദിനം സ്റ്റേജിതരമത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 124 പോയന്റുമായി വിളയങ്കോട് വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 84 പോയന്റുമായി തലശേരി ബ്രണ്ണന്‍ കോളജാണ് രണ്ടാംസ്ഥാനത്ത്. 70 പോയന്റുമായി പയ്യന്നൂര്‍ കോളജാണ് മൂന്നാമത്. 62 പോയന്റ് വീതം നേടി വിദ്യാനഗര്‍ ചാല കാസര്‍ഗോഡ് കാമ്പസും കൂത്തുപറമ്പ് നിര്‍മലഗിരി കോളജും നാലാംസ്ഥാനത്തും 60 പോയന്റോടെ തളിപ്പറമ്പ് സര് സയ്യിദ് കോളജ് അഞ്ചാം സ്ഥാനത്തുമുണ്ട്.
ചാര്‍ക്കോളില്‍ വിജയചിത്രമെഴുതി വൈദികവിദ്യാര്‍ഥി
കാഞ്ഞങ്ങാട്: ചാര്‍ക്കോള്‍ ഡ്രോയിംഗില്‍ ഒന്നാംസ്ഥാനം നേടി വൈദികവിദ്യാര്‍ഥി. അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളജിലെ മൂന്നാംവര്‍ഷ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയായ ബ്രദര്‍ എം.എസ്.ഷാരൂണ്‍ ജൂഡാണ് വിജയി. കൊല്ലന്റെ ആല എന്നതായിരുന്നു മത്സരവിഷയം.
ക്ലരീഷന്‍ മിഷനറിയായ ഷാരൂണ്‍ ഇതാദ്യമായാണ് കലോത്സവവേദിയില്‍ വിജയം നേടുന്നത്. ചിത്രകല ഔപചാരികമായി പഠിച്ചിട്ടില്ലെങ്കിലും ആര്‍ട്ടിസ്റ്റായ പിതാവിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ പരിചയമാണ് മത്സരത്തില്‍ വിജയം നേടാന്‍ സഹായിച്ചതെന്ന് ഷാരൂണ്‍ പറയുന്നു. വയനാട് വൈത്തിരിയിലെ മാറാപ്പിള്ളില്‍ ഷാജു-റെനി ദന്പതികളുടെ മകനാണ്.
ധന്യ കീപ്പേരി വീണ്ടും കഥപറയും
കാഞ്ഞങ്ങാട്:ഒരുകാലത്ത് കഥാപ്രസംഗവേദിയിലെ 'സൂപ്പര്‍ സ്റ്റാര്‍' ആയിരുന്ന ധന്യ കീപ്പേരി രണ്ടുപതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് വിരാമമിട്ട് വീണ്ടും കഥപറയാനൊരുങ്ങുന്നു. നെഹ്റു കോളജില്‍ പ്രീഡിഗ്രി പഠനകാലത്ത് കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രഥമ കലാതിലകമായ ധന്യ ഇന്ന് ഇതേ കോളജില്‍ മലയാളവിഭാഗം മേധാവിയാണ്.
പ്രശസ്ത കാഥികന് കെ.എന്‍.കീപ്പേരിയുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്ന ദീപ കീപ്പേരിയുടെയും മകളായ ധന്യ രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കലോത്സവത്തില്‍ വിജയിയാവുന്നത്. മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ നീലേശ്വരത്ത് നടന്ന സംസ്ഥാന ടൂറിസം വാരാഘോഷത്തില്‍ 30 മിനുട്ട് ദൈര്‍ഘ്യമുള്ള കഥാപ്രസംഗം അവതരിപ്പിച്ച് പൊതുവേദിയില്‍ അരങ്ങേറ്റം കുറിച്ചു.
തുടർന്ന് യാഗമേഷം എന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പുരാണകഥ അവതരിപ്പിച്ച് പ്രഫഷണല്രംഗത്തേക്ക് കാലെടുത്തുവച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മൂന്നുതവണ കഥാപ്രസംഗ വിജയകിരീടം ചൂടിയ ധന്യ രണ്ടു തവണ യൂണിവേഴ്സിറ്റി കലാതിലകവും എട്ടു വര്‍ഷം ജില്ലാ കലാതിലകവുമായിരുന്നു. ആയിരത്തിലേറെ വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചു. 1998ല്‍ ലോക മലയാളി സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായി കഥാപ്രസംഗം, കഥകളി എന്നിവ അവതരിപ്പിച്ചു. പ്രേംജി അവാര്‍ഡ്, ചേര്‍ത്തല ഭവാനിയമ്മ പുരസ്കാരം, ജോസഫ് കൈമാപ്പറമ്പന്‍ അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
'കഥാപ്രസംഗം: ആഖ്യാന പരിസരവും പ്രത്യയശാസ്ത്രവും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. കഥാപ്രസംഗത്തില്‍ ആദ്യമായി ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് ധന്യ. ഈ വിഷയത്തില്‍ രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.കഥാപ്രസംഗത്തെ ഡിജിറ്റല്‍ ഇടങ്ങളിലേക്ക് പറിച്ചുനട്ടുകൊണ്ട് കലാരൂപത്തിന് പുതുജീവന്‍ നല്‍കാനാണ് തന്റെ ശ്രമമെന്ന് ധന്യ പറയുന്നു.
കല കേവലം ഗ്രേസ് മാര്‍ക്കിനുള്ള ഉപാധിയല്ലെന്നും അതു സമൂഹത്തോട് സംവദിക്കാനുള്ള കരുത്തുറ്റ മാധ്യമമാണെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.
കാശിഷ് വീണ്ടും കസറി
കാഞ്ഞങ്ങാട്: സംസ്ഥാന കേരളോത്സവം നാടകമത്സരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ശ്രദ്ധേയായ ഉത്തരേന്ത്യന്‍ സ്വദേശിനി കാശിഷ് മുകേഷ് സര്‍വകലാശാല കലോത്സവത്തിലും മികവ് തെളിയിച്ചു. മാനന്തവാടി ഗവ.കോളജിലെ ഒന്നാംവര്‍ഷ എംകോം വിദ്യാര്‍ഥിനിയായ കാശിഷ് ഹിന്ദി കവിതാലാപനത്തില്‍ ഒന്നാംസ്ഥാനവും ഹിന്ദി പ്രസംഗത്തില്‍ രണ്ടാംസ്ഥാനവുമാണ് സ്വന്തമാക്കിയത്.
രാജസ്ഥാന് സ്വദേശി മുകേഷ് സിംഗിന്റെയും ഉത്തര്‍പ്രദേശ് സ്വദേശിനി പൂജയുടെയും മകളാണ്. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് വാടകയ്ക്കു താമസിച്ചുകൊണ്ടിരുന്ന ഇവര്‍ക്ക് പിന്നീട് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും കോട്ടപ്പാറ സനാതന കോളജ് എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് മടിക്കൈ വാഴക്കോട്ട് വീട് നിര്‍മിച്ചുനല്‍കി. കരള്‍രോഗബാധിതനായ അച്ഛന് മുകേഷ് രാജസ്ഥാനിലേക്കു മടങ്ങിയപ്പോള്‍ അമ്മ പൂജയാണ് തയ്യല്‍ ജോലി ചെയ്ത് ഏഴുമക്കളെയും പഠിപ്പിച്ചുവളര്ത്തുന്നത്.
NRI
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) അംഗങ്ങൾക്കും അവരുടെ കുട്ടികൾക്കുമായി "ഇംപൾസ് 2025' എന്ന പേരിൽ കലാമേള സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന കലാമേളയിൽ വിവിധ ഇനങ്ങളിലായി മുന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു.
ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളനത്തിൽ കോർ കമ്മിറ്റി അംഗം ഷൈജു കൃഷ്ണൻ, ഇംപൾസ് കൺവീനർ രാജലക്ഷ്മി ഷൈമേഷ്, ജോയിന്റ് കൺവീനർമാരായ അലക്സ് ഉതുപ്പ്, അനുരാജ് ശ്രീധരൻ എന്നിവർ സംസാരിച്ചു.
ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാ നന്ദിയും അറിയിച്ചു. തുടർന്ന് കിൻഡർഗാർട്ടൻ, സബ് ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി പദ്യപാരായണം, ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഫാൻസി ഡ്രസ്, ലൈറ്റ് മ്യൂസിക്, ഡ്രോയിംഗ്, കളറിംഗ്, രചന, പ്രസംഗം തുടങ്ങിയ വിവിധ മത്സര ഇനങ്ങളിൽ ഇൻഫോക് അംഗങ്ങളും അവരുടെ മക്കളും പങ്കെടുത്തു.
Kerala
കോട്ടയം: ചെറുപുഷ്പ മിഷൻലീഗിന്റെ സംസ്ഥാന പ്രേഷിത കലോത്സവം ‘സർഗപ്രഭ 2025’ ഇന്ന് കോട്ടയം അതിരൂപതയുടെ ആതിഥേയത്വത്തിൽ കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കിടങ്ങൂർ ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്യും.
കോട്ടയം: ചെറുപുഷ്പ മിഷൻലീഗിന്റെ സംസ്ഥാന പ്രേഷിത കലോത്സവം ‘സർഗപ്രഭ 2025’ ഇന്ന് കോട്ടയം അതിരൂപതയുടെ ആതിഥേയത്വത്തിൽ കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കിടങ്ങൂർ ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ വിവിധ രൂപതകളിൽനിന്നായി 750ൽപ്പരം മത്സരാഥികൾ കലോത്സവത്തിൽ പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന വാർഷികവും സമാപനസമ്മേളനവും കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തും. കോട്ടയം അതിരൂപത ഡയറക്ടർ ഫാ. ജെഫിൻ ഒഴുങ്ങാലിൽ സ്വാഗതമാശംസിക്കും.
District News
ചെറുവത്തൂർ: ചെറുവത്തൂർ ഉപജില്ലാ കലോത്സവത്തിൽ ആതിഥേയരായ കുട്ടമത്ത് ജിഎച്ച്എസ്എസ് ഓവറോൾ ചാന്പ്യന്മാരായി. പിലിക്കോട് എച്ച്എസ്എസ് രണ്ടും ചീമേനി ജിഎച്ച്എസ്എസ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എൽപി, യുപി വിഭാഗം അറബിക് കലോത്സവത്തിൽ തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപിഎസ് ജേതാക്കളായി.
സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗസൽ ഗായകൻ അലോഷി ആദം, സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രാഘവൻ, എം. കുഞ്ഞിരാമൻ, രാജേന്ദ്രൻ പയ്യാടക്കത്ത്, എം.കെ.വി. രാജേഷ്, രമേശൻ പുന്നത്തിരിയൻ, ഡോ.ടി. ഗീത, കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
NRI
സാലിസ്ബറി: ശനിയാഴ്ച സാലിസ്ബറിയിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് ആവേശകരമായ സമാപനം. രാവിലെ എട്ടിന് രജിസ്ട്രേഷനോടെ ആരംഭിച്ച കലാമേള മത്സരങ്ങൾ 8.45 ഓടെ അഞ്ചു വേദികളിലായി ആരംഭിച്ചിരുന്നു.
സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റിയൻ കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
നാഷണൽ ട്രഷറർ ഷീജോ വർഗീസ് ആശംസകൾ നേർന്നു. ചടങ്ങിൽ ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം, ദേശീയ വൈസ് പ്രസിഡന്റ് റെയ്മോൾ നിധിരി, മുൻ നാഷണൽ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ബെന്നി അഗസ്റ്റിൻ, സുരേന്ദ്രൻ ആരക്കോട്ട്, രാജേഷ് രാജ്, വൈസ് പ്രസിഡന്റുമാരായ ചാർളി മാത്യു, ടെസി മാത്യു, ജോയിന്റ് സെക്രട്ടറി ശാലിനി റിജേഷ്, മറ്റു റീജിയണൽ ഭാരവാഹികൾ, സംഘാടക സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സെക്രട്ടറി ജോബി തോമസ് സ്വാഗതവും ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ നന്ദിയും രേഖപ്പെടുത്തി. റീജിയണൽ കലാമേളയിൽ ചരിത്ര നേട്ടവുമായാണ് ആദ്യമായി ഐഎംഎ ബാൻബറി ചാമ്പ്യൻ പട്ടത്തിൽ മുത്തമിട്ടത്.
മുൻ ചാമ്പ്യന്മാരെ പിന്തള്ളി 117 പോയിന്റുമായാണ് ഐഎംഎ ബാൻബറി ഒന്നാമതെത്തിയത്. തൊട്ടുപിന്നിൽ 108 പോയിന്റുമായി കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ എസ്എംസിഎ യോവിൽ റണ്ണറപ്പായപ്പോൾ 80 പോയിന്റുമായി വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ സെക്കൻഡ് റണ്ണറപ്പായി.
മിൽട്ടൺ കെയ്ൻസ് മലയാളി അസോസിയേഷന്റെ(മിക്മ) ആഞ്ജലീന വെസ്റ്റിനാണ് കലാതിലകം. മോഹിനിയാട്ടത്തിലും സോളോ സോംഗിലും ഒന്നാം സ്ഥാനവും സിനിമാറ്റിക് ഡാൻസിൽ മൂന്നാം സ്ഥാനവും നേടി പതിനൊന്ന് പോയിന്റുമായാണ് ആഞ്ജലീന വെസ്റ്റിൻ കലാതിലക പട്ടത്തിന് അർഹയായത്.
സിനിമാറ്റിക് ഡാൻസിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി എട്ടു പോയിന്റുമായി വിൽറ്റ്ഷെയർ മലയാളി അസോസിയേഷന്റെ അലൻ ബഷീർ കലാപ്രതിഭയായി. മലയാളം പദ്യപാരായണത്തിനും മലയാളം പ്രസംഗത്തിനും ഒന്നാം സ്ഥാനം നേടി സോമർസെറ്റ് മലയാളി കൾച്ചറൽ അസോയിയേഷന്റെ ഇഷാൻ ആർ. നായർ ഭാഷാകേസരി പുരസ്കാരം നേടി.
കിഡ്സ് വിഭാഗത്തിൽ സാലിസ്ബറി മലയാളി അസോസിയേഷന്റെ ജെയ്സ് ജിനോയ്സ് വ്യക്തിഗത ചാമ്പ്യനായപ്പോൾ സബ്ജൂണിയർ വിഭാഗത്തിൽ സോമർസെറ്റ് മലയാളി കൾച്ചറൽ അസോയിയേഷന്റെ ഇഷാൻ ആർ. നായർ വ്യക്തിഗത ചാമ്പ്യനായി.
ജൂണിയർ വിഭാഗത്തിൽ മിൽട്ടൺ കെയ്ൻസ് മലയാളി അസോയിയേഷന്റെ ആഞ്ജലീന വെസ്റ്റിൻ വ്യക്തിഗത ചാമ്പ്യനായപ്പോൾ സീനിയർ വിഭാഗത്തിൽ ഐഎംഎ ബാൻബറിയുടെ അക്ഷയ് ധനഞ്ജയനും സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ കൃഷ്ണേന്ദു ഉണ്ണിയും വ്യക്തിഗത ചാമ്പ്യൻ പട്ടം പങ്കിട്ടു.
രാത്രി 7.30ന് ആരംഭിച്ച സമാപന സമ്മേളനം യുക്മ നാഷണൽ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായ ബേസിംഗ്സ്റ്റോക് കൗൺസിലർ സജീഷ് ടോം ആശംസകൾ നേർന്നു.
വിജയികൾക്ക് യുക്മ ദേശീയ റീജിയണൽ ഭാരവാഹികളും അസോസിയേഷൻ ഭാരവാഹികളും യുക്മ പ്രതിനിധികളും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. രാത്രി 9.30ന് കലാമേളയ്ക്ക് തിരശീല വീണു.